കെഎസ്ആർടിസി ബസിനടിയിൽ ഒളിച്ചിരുന്ന തെരുവുനായ് ചാടിവീണു…. ഡ്രൈവർക്ക് ഗുരുതര പരിക്ക്…. മലപ്പുറത്ത് രാവിലെക്കുള്ള പ്രധാന കോഴിക്കോട് സർവീസ് മുടങ്ങി

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസിനടിയിൽ കിടന്ന തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ താത്കാലിക ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7.40-ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ അജ്മൽ ബാബുവിനാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഫീസ്-സ്കൂൾ സമയങ്ങളിൽ കോഴിക്കോട് റൂട്ടിൽ യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സർവീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവർക്ക് പരുക്കേറ്റതോടെ ഈ സർവീസ് പൂർണ്ണമായി റദ്ദാക്കേണ്ടി വന്നു. ഇത് സ്കൂൾ – ഓഫീസ് സമയത്ത് യാത്രക്കാരെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കി. രാവിലെ ഡ്യൂട്ടിക്കായി ലോഗ് ഷീറ്റ് വാങ്ങി ബസിനടുത്തേക്ക് ചെന്ന് ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയിൽ മറഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി അജ്മൽ ബാബുവിന് നേരെ ചാടിവീണത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയിട്ടുണ്ട്.
ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം വൻതോതിൽ വർദ്ധിച്ചതായി ജീവനക്കാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഡിപ്പോയിൽ വെച്ച് ഒരു വനിതാ യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്ക് സമീപം വെച്ച് മറ്റൊരു ഡ്രൈവർക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംക്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നൽകിയതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ (DTO) അറിയിച്ചു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കൾക്ക് അവശിഷ്ടങ്ങളും ഭക്ഷണവും നൽകുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാർക്ക് കർഷന നിർദ്ദേശം നൽകിയിട്ടുണ്ട്.



