ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ചു മരിച്ച കേസിൽ ഞെട്ടിക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്….

കാസർകോട്: കാസർകോട് പാണലത്ത് ചർലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ന് സുഫൈദയുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ താൻ മർദ്ദിച്ചിരുന്നുവെന്ന് ഭർത്താവ് ആദിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ നിലവിൽ കോടതി റിമാൻഡ് ചെയ്തു.
സുഫൈദയുടെ ശരീരത്തിൽ കാണപ്പെട്ടത് പുതിയ മർദ്ദനമേറ്റ പാടുകളാണ്. മുഖത്തും കൈയിലും രക്തം കല്ലിച്ച നിലയിലാണ്. ശരീരത്തിൽ നഖം കൊണ്ടുള്ള പോറലുകളും പാടുകളുമുണ്ട്. വിവാഹസമയത്ത് സുഫൈദയുടെ കുടുംബം നൽകിയ സ്വർണാഭരണങ്ങളും മഹറായി ലഭിച്ച മാലയും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും സുഫൈദയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ശനിയാഴ്ച ഭർതൃവീട്ടിൽ വെച്ച് സ്വർണ്ണത്തെച്ചൊല്ലി വീണ്ടും തർക്കമുണ്ടായി.
തർക്കത്തിനിടെ ആദിൽ സുഫൈദയെ ക്രൂരമായി മർദ്ദിക്കുകയും, വിവരങ്ങൾ പുറത്തുപറയാതിരിക്കാൻ യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് ആസിഡ് കുടിച്ചത്. എന്നാൽ ആസിഡ് കുടിച്ച് പിടഞ്ഞ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നും, ‘നീ അനുഭവിച്ചോ’ എന്ന ക്രൂരമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും സുഫൈദയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർതൃപീഡനത്തെ തുടർന്നുള്ള ആത്മഹത്യ എന്ന നിലയിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.



