ബൈക്കിന്റെ പെട്രോൾ തീർന്ന് പരിശോധിക്കുന്നതിനിടെ പിക്കപ്പ് വാൻ പാഞ്ഞുകയറി… 20-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: താമരക്കുളത്ത് ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. താമരക്കുളം കിഴക്കേമുറി സ്വദേശി ഹരിനാരായണൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യന് (20) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
ഹരിനാരായണനും സുഹൃത്ത് ആദിത്യനും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ തീർന്ന് വഴിയിൽ നിൽക്കുകയായിരുന്നു. തുടർന്ന് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുന്നതിനിടയിലാണ് കോഴി കയറ്റി വന്ന പിക്കപ്പ് വാൻ ഇവരിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഹരിനാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായിരുന്നു ഹരിനാരായണൻ. പഠനത്തോടൊപ്പം മൃദംഗം അഭ്യസിച്ചിരുന്ന ഇദ്ദേഹം ഒരു മികച്ച മൃദംഗ കലാകാരൻ കൂടിയാണ്. രാധാകൃഷ്ണൻ – സുജാത ദമ്പതികളുടെ മകനാണ്. ജർമ്മനിയിലുള്ള സഹോദരി വിദ്യ ചൊവ്വാഴ്ച നാട്ടിലെത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ നടക്കും. പ്രതീക്ഷയോടെ വളർന്നുവന്ന ഒരു യുവകലാകാരന്റെ വിയോഗം താമരക്കുളം ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


