ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നു പറന്നു…. സുരക്ഷാ വീഴ്ചയിൽ പോലീസ് കേസെടുത്തു

അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് തൊട്ടുമുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വലിയ വിവാദമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തെത്തിയപ്പോൾ ഹെലികോപ്റ്റർ വേഗത കുറച്ചത് ഭീതി പടർത്തി. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ, എ.ഡി.ജി.പി എസ്. ശ്രീജിത്തിനോട് അടിയന്തര റിപ്പോർട്ട് തേടി. അതീവ സുരക്ഷാ മേഖലയിൽ മുൻകൂട്ടി അനുമതി വാങ്ങാതെ ഹെലികോപ്റ്റർ പ്രവേശിച്ചത് ഗൗരവതരമായ വിഷയമാണെന്ന് സ്പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തിയതായി പോലീസ് സംശയിക്കുന്നു. കൊടിമരത്തിന് തൊട്ടടുത്തായി വേഗത കുറച്ച് ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയത് സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് വിലയിരുത്തപ്പെടുന്നു. അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി പരിഭ്രാന്തിയുണ്ടാക്കി എന്നാരോപിച്ചാണ് പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശ മാറിയതാണ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലെത്താൻ കാരണമെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. ജി.പി.എസ് മുഖേനയാണ് ഹെലികോപ്റ്റർ സഞ്ചരിക്കുന്നതെന്നും മനഃപൂർവ്വമായ നിരീക്ഷണമല്ല നടന്നതെന്നും അവർ വ്യക്തമാക്കി. ശബരിമലയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഇത്തരത്തിൽ അനുമതിയില്ലാതെ ഒരു സേനാ വിഭാഗവും വ്യോമനിരീക്ഷണം നടത്തിയിട്ടില്ലാത്തതിനാൽ സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
