“പിണറായി തീയിൽ കുരുത്ത ഫീനിക്സ് പക്ഷി, ഇത് കോൺഗ്രസ്-ബിജെപി ഒത്തുകളി”…. ഇഡി റെയ്ഡിനെതിരെ ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഉൾപ്പെടെ നടക്കുന്ന ഇഡി റെയ്ഡിനെതിരെ കടുത്ത പ്രതികരണവുമായി ഇടതുപക്ഷ നേതാക്കൾ. ഇപ്പോൾ നടക്കുന്നത് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയനെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ വിലപ്പോവില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും കൂടി നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണിത്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നു, അതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കേരളത്തിൽ വന്ന് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിക്കുന്നു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ കോൺഗ്രസും ബിജെപിയും ഒത്തുകളിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മർദ്ദനമേറ്റിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ, തീയിൽ കുരുത്ത നേതാവാണ് പിണറായി വിജയൻ. ലാവ്ലിൻ കേസ് ഉൾപ്പെടെയുള്ളവ കോടതികൾ ചവറ്റുകുട്ടയിലെറിഞ്ഞ ചരിത്രം ഓർക്കണം. സിപിഐഎമ്മിനെ തളർത്താമെന്നത് ബിജെപിയുടെയും കോൺഗ്രസിന്റെയും വ്യാമോഹം മാത്രമാണ്, ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇടതുപക്ഷത്തെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ റെയ്ഡുകളെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാകേഷ് ആരോപിച്ചു. കുറേക്കാലമായി പിണറായി വിജയന്റെ കുടുംബത്തെ വെച്ച് എന്തെങ്കിലും കിട്ടുമോ എന്നാണ് ഇഡി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. നടക്കുന്നത് ഏകപക്ഷീയമായ രാഷ്ട്രീയ വേട്ടയാണെന്നും സംഘപരിവാറിന്റെ കുടില നീക്കങ്ങൾക്ക് കോൺഗ്രസ് കുടപിടിക്കുകയാണെന്നും എ.എ റഹീം എംപി പ്രതികരിച്ചു. വി.ഡി സതീശൻ ഡൽഹിയിൽ പോയി മടങ്ങിയെത്തിയതിന്റെ പിറ്റേദിവസമാണ് ഈ റെയ്ഡുകൾ നടക്കുന്നതെന്നത് ദുരൂഹമാണ്.



