തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറോളം ആയി മഴ പെയ്യുകയാണ്. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴക്കേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നു. കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.



