മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് നശിപ്പിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി….

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച  കോൺഗ്രസ്  മണ്ഡലം പ്രസിഡന്റിനെ  ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് കോൺഗ്രസിന്റെ  പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ചത് കോൺഗ്രസ് തെക്കേക്കര മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമല ആണെന്ന് പൊലീസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെക്കേക്കര പഞ്ചായത്തിലെ ഉമ്പർനാട് അഞ്ചാഞ്ഞിലിമൂട് ഗുരുമന്ദിരം ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി മാവേലിക്കര റീജണൽ കമ്മറ്റിയും തെക്കേക്കര മണ്ഡലം കമ്മിറ്റിയും സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് ഇയാൾ നശിപ്പിച്ചത്. ഇത് സംബന്ധിച്ച് ഐ.എൻ.ടിയു.സി റീജണൽ കമ്മറ്റി പ്രസിഡന്റ് മനോജ് ഓലകെട്ടി കുറത്തികാട് പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഗുരുമന്ദിരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തിയത്. ഈ വാർത്തയും സി.സി.റ്റി.വി ദൃശ്യം അടക്കമുള്ള വീടിയോയും 140 ന്യൂസാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.

24ന് വൈകിട്ട് 5 മണിക്ക് മുമ്പ് ബോർഡ് പുനസ്ഥാപിക്കാമെന്ന് ബിനു കല്ലുമല പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നെങ്കിലും ബോർഡ് പുനസ്ഥാപിച്ചിരുന്നില്ല. ബ്ലോക്ക് കോൺഗ്രസ്  നേതാവിന്റെ ഇടപെടലാണ് ഇതിന്  പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ  ഐ.എൻ.ടി.യു.സി ഡി.സി.സി പ്രസിഡന്റിന് പരാതി  നൽകുകയായിരുന്നു. കോൺഗ്രസ്  വർക്കിംഗ് കമ്മറ്റി  അംഗത്തോട് മണ്ഡലം പ്രസിഡന്റ്  ചെയ്ത നടപടി പാർട്ടി  അച്ചടക്കത്തെ  വെല്ലുവിളിക്കുന്നതാണെന്ന വിലയിരുത്തലോടെയാണ് ഇയാളെ പുറത്താക്കിയിരിക്കുന്നത്. തെക്കേക്കര വെറ്റ്  മണ്ഡലം കമ്മറ്റിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനും അതുവരെ  മണ്ഡലത്തിലെ  സംഘടന പ്രവർത്തനം ഏകോപിപ്പിക്കുവാനും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശ്ശേരി, കെ.ഗോപൻ എന്നിവരെ ചുമലപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് നേതാവിന്റെ ഒത്താശ്ശയോടെ കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന വിഭാഗിതയും സംഘടന പ്രശ്നങ്ങളും പരിഹരിക്കണമെന്ന നിർദ്ദേശവുമുണ്ട്.

Back to top button