ഭാര്യയുടെ പ്രസവസമയത്ത് ഇനി ഭർത്താവിനും 15 ദിവസം അവധി… ഉത്തരവിറക്കി മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കുഞ്ഞ് ജനിക്കുന്ന സമയത്ത് ഭാര്യയ്ക്ക് പിന്തുണ നൽകാനും കുഞ്ഞിന്റെ പരിചരണത്തിൽ അച്ഛന്റെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.
നിലവിൽ തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായി പുരുഷ ജീവനക്കാർക്കും പിതൃത്വ അവധി അനുവദിക്കണമെന്ന ആവശ്യം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ 15 ദിവസത്തെ അവധി അനുവദിച്ച് ഉത്തരവിറക്കിയത്. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ പ്രസവം നടന്ന തീയതി മുതൽ ആറുമാസത്തിനുള്ളിലോ ജീവനക്കാർക്ക് അവധി പ്രയോജനപ്പെടുത്താം. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിൽ അച്ഛനും പങ്കാളിയാകാൻ അവസരമൊരുക്കുന്നതാണ് പുതിയ തീരുമാനം.




