മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പറഞ്ഞത് ആർക്കും പ്രശ്നമല്ലേ?… മധുസൂദനനെ ന്യായീകരിച്ച്…

കണ്ണൂർ: പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. മുഖ്യമന്ത്രി വി ഡി സതീശൻ ചോരയ്ക്ക് ചോര എന്ന് പറഞ്ഞത് ആർക്കും പ്രശ്നമായില്ലേയെന്ന് ചോദിച്ച രാഗേഷ്, മാധ്യമങ്ങൾ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി ചോരയ്ക്ക് ചോര എന്ന് പറഞ്ഞതിനെക്കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്. മുഖ്യമന്ത്രിയേക്കാൾ വലുതല്ല ടി ഐ മധുസൂദനൻ. ചോരയ്ക്ക് ചോര എന്നത് കടുത്ത പ്രയോഗമാണ്. അതിനേക്കാൾ വലുതല്ല പകരത്തിന് പകരം എന്ന പ്രയോഗമെന്നും കെകെ രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആദ്യം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനരാജ് വധക്കേസിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോൾ ഒരു പ്രസംഗത്തിന്റെ പേരിൽ വിവാദമുണ്ടാക്കുന്ന മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും വിവാദമുണ്ടാക്കിയിട്ട് വരണമെന്നും രാഗേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും വിമർശിച്ചിരുന്നോയെന്നും ഇപ്പോൾ എന്താണ് ഇത്ര ആവേശമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ടി ഐ മധുസൂദനന്റെ പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിന്റെ പൂർണരൂപം പൊലീസ് ശേഖരിക്കുമെന്നും മുൻ ജനപ്രതിനിധിയുടെ പരാമർശം സമാധാനമല്ല, കലാപമാണ് സൃഷ്ടിക്കുകയെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു. പയ്യന്നൂരിൽ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വിവാദ പ്രസംഗം. ‘കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും’ എന്നായിരുന്നു പ്രസംഗത്തിലെ പ്രധാന പരാമർശം. ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മധുസൂദനന്റെ പ്രസംഗം.

Related Articles

Back to top button