എഥനോൾ പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ നൽകുന്നില്ല… കേന്ദ്ര ഇടപെടൽ തേടി…

തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നതിനായി ശുദ്ധമായ പെട്രോൾ നൽകാൻ പെട്രോളിയം കമ്പനികൾ വിസമ്മതിക്കുന്നതിൽ കേന്ദ്ര ഇടപെടൽ തേടി കേരളം. വിഷയത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കത്തയച്ചു. മന്ത്രി അനൂപ് ജേക്കബാണ് കേന്ദ്രത്തിന് കത്ത് നൽകിയത്. താരതമ്യ പരിശോധന നടത്തുന്നതിനായി എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യം പെട്രോളിയം കമ്പനികൾ അംഗീകരിക്കുന്നില്ലെന്നാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. പരിശോധന കമ്പനികളുടെ വിശ്വാസ്യത തകർക്കാനല്ലെന്നും പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാനാണെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശുദ്ധമായ പെട്രോൾ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ രണ്ടുതവണ പെട്രോളിയം കമ്പനികൾക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും കൊച്ചി റിഫൈനറി ലിമിറ്റഡിന് കത്ത് നൽകിയിരുന്നു. എന്നാൽ, കത്തുകൾ നൽകിയിട്ടും ശുദ്ധമായ പെട്രോൾ നൽകാനാകില്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇന്ത്യൻ ഓയിൽ കമ്പനി നൽകിയ പെട്രോളിലും 19 ശതമാനം എഥനോൾ അടങ്ങിയിരുന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി കേരളം വീണ്ടും രംഗത്തെത്തിയത്. പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച ആശങ്കകൾക്ക് വ്യക്തത വരുത്തുന്നതിനുള്ള പരിശോധനയ്ക്ക് ആവശ്യമായ സാമ്പിൾ ലഭ്യമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.




