ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി… ഡിസംബർ രണ്ടിന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: ഭിന്നശേഷിക്കാർക്കായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിപുലമായ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി സർക്കാർ. ഡിസംബർ രണ്ടിന് പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന പദ്ധതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്ന് തങ്ങളുടെ കാലശേഷം കുട്ടികളെ ആര് സംരക്ഷിക്കുമെന്നതാണ്. ഈ ആശങ്കയ്ക്ക് പരിഹാരമാകുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
“നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങൾ നോക്കുമെന്ന് ആ മാതാപിതാക്കളോട് പറയാൻ നമുക്ക് കഴിയണം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മാന്നാനം ആശ്രമദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിലും സി.എം.ഐ സഭയുടെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് ഭവനരഹിതർക്കായി നിർമിക്കുന്ന സ്നേഹഭവനങ്ങളുടെ നിർമാണോദ്ഘാടന ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണം നടത്തി. സി.എം.ഐ സഭ പ്രയോർ ജനറൽ ഫാ. ഡോ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി., വികാരി ജനറൽ ഫാ. ബെന്നി നൽക്കര, തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ഡോ. ടോമി കാട്ടാമ്പള്ളി, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ, ഫാ. ടോം അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.



