കോടതിയലക്ഷ്യ ഹർജിയിൽ മലയാളിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ സുപ്രീം കോടതി

ദില്ലി: കോടതിയലക്ഷ്യക്കേസിൽ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ.പിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സുപ്രീം കോടതി. നേരിട്ട് ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജയപ്രകാശിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കേരള പൊലീസിന് സുപ്രീം കോടതി നിർദേശം നൽകി. വെള്ളിയാഴ്ച രാവിലെ 10.30ന് ജയപ്രകാശിനെ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് എ. അമാനുള്ള അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട വിവാഹമോചനക്കേസാണ് സുപ്രീം കോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലിയുള്ളതിനാൽ ജീവനാംശം നൽകേണ്ടതില്ലെന്നായിരുന്നു ജയപ്രകാശിന്റെ വാദം. തിരുവല്ല കുടുംബക്കോടതി ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭാര്യയ്ക്ക് താത്കാലിക ജോലി മാത്രമാണെന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിനിടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ ജയപ്രകാശ് ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ഭാര്യയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമർശങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
2023ൽ തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ വാഹനം തകർത്ത കേസിലും ജയപ്രകാശ് പ്രതിയാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾ പരിശോധിച്ച ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയും ചെയ്തു. നേരിട്ട് ഹാജരാകണമെന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും കോടതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് ജയപ്രകാശിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഓൺലൈനായി ഹാജരാകാൻ കോടതി നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ജയപ്രകാശും കോടതിയെ അറിയിച്ചു. ഇതിന് തെളിവായി മെഡിക്കൽ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
തുടർന്ന് രണ്ട് ദിവസത്തിനകം നേരിട്ട് ഹാജരാകാൻ നിർദേശിച്ചെങ്കിലും ജനുവരി ആറിന് മാത്രമേ കേരളത്തിൽനിന്ന് ദില്ലിയിലേക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുകയുള്ളൂവെന്നും ജനുവരി എട്ടിന് ഹാജരാകാമെന്നുമായിരുന്നു ജയപ്രകാശിന്റെ മറുപടി. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ‘നിങ്ങൾ ഏത് കോടതിയിലാണ് നിൽക്കുന്നതെന്ന് ഓർക്കണം. ഇത് രാജ്യത്തിന്റെ സുപ്രീം കോടതിയാണ്’ എന്ന് ജസ്റ്റിസ് മൻമോഹൻ ഓർമിപ്പിച്ചു. നേരിട്ട് ഹാജരാകാൻ അവസരം നൽകിയിട്ടും തയ്യാറാകാത്ത സാഹചര്യത്തിൽ പൊലീസ് അകമ്പടിയോടെ കോടതിയിലെത്തിക്കാമെന്ന് വ്യക്തമാക്കിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.




