നേപ്പാളിന് 15,000 കോടിയുടെ വികസന പാക്കേജ്…. തുറമുഖങ്ങളും തുറന്നുനൽകാൻ ഇന്ത്യ

ഡൽഹി: നേപ്പാളിന് 15,000 കോടി രൂപയുടെ വികസന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് ഇന്ത്യ സാമ്പത്തിക സഹായം നൽകുക. നേപ്പാളിന് ഇന്ത്യയിലെ കാണ്ട്ല, പാരദ്വീപ് തുറമുഖങ്ങൾ ഉപയോഗിക്കാനുള്ള അവസരവും ഒരുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ നേപ്പാളിന്റെ വിശ്വസ്ത പങ്കാളിയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ പ്രതികരിച്ചു. നേപ്പാളിൽ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയെ നേപ്പാൾ സന്ദർശനത്തിനായി ബലേന്ദ്ര ഷാ ക്ഷണിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയോധ്യയ്ക്കും നേപ്പാളിലെ ജനക്പൂർ ധാമിനുമിടയിലുള്ള സരയു–കമല പ്രതിവാര ട്രെയിൻ സർവീസിനും തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബലേന്ദ്ര ഷായും ചേർന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. ആദരസൂചകമായി ഗാർഡ് ഓഫ് ഓണറും ഒരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക സഹായം, ഗതാഗതം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യവും ചർച്ചകളിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളിൽ നിർണായകമാണ് ബലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദർശനം.



