ചാരിറ്റിയുടെ പേരിൽ വീട്ടിലെത്തി വയോധികയെ പീഡിപ്പിച്ചു; 63 വയസുകാരൻ അറസ്റ്റിൽ

അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന പേരിൽ വീടുകളിലെത്തിയ ആൾ വീട്ടിൽക്കയറി 55കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ വെങ്ങാനൂർ മംഗലത്തുകോണം വാർഡിലെ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രൻ (63) എന്നയാളെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയാണ് അതിക്രമത്തിന് ഇരയായതെന്നാണ് പരാതി.
ഒരാഴ്ച മുൻപായിരുന്നു സംഭവം. ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലുള്ള നോട്ടീസുമായി പണപ്പിരിവിനെത്തിയ പ്രതി വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ കയറിയ ഇയാൾ സ്വയം വൈദ്യനാണെന്ന് പരിചയപ്പെടുത്തി. പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്നും പറഞ്ഞു. മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീക്കൊപ്പം ഇരുത്തി. എന്നാൽ പെൺകുട്ടി എഴുന്നേറ്റ് മുറിയിലേക്ക് പോയ തക്കംനോക്കി സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി.
ദൂരസ്ഥലത്തായിരുന്ന മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനാണെന്ന് പരിചയപ്പെടുത്തി തന്നെ പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തിയത്. തുടർന്ന് മകൻ തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു.



