മന്ത്രിയുടെ പരിപാടിക്കിടെ വൈദ്യുതി മുടങ്ങി… സബ് എഞ്ചിനീയറുടെ സസ്പെൻഷനിൽ കെഎസ്ഇബിയിൽ…

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടിയിൽ കെഎസ്ഇബി ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഏകപക്ഷീയമായ സസ്പെൻഷൻ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം, സസ്പെൻഷൻ എന്നെന്നേക്കുമുള്ള നടപടിയല്ലെന്നും അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

സണ്ണി ജോസഫ് ഉദ്ഘാടകനായ സഹകരണ വകുപ്പിന്റെ റിസ്ക് ഫണ്ട് വിതരണ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത വൈദ്യുതി മുടക്കം. മൈക്ക് പ്രവർത്തിക്കാതായതോടെ സ്വാഗത പ്രസംഗം മൈക്കില്ലാതെ നടത്തേണ്ടിവന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം മന്ത്രിക്ക് നാണക്കേടാകുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ പി.വി. സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ മന്ത്രിയുടെ പരിപാടിയുടെ വിവരം ഓഫീസിൽ ലഭിച്ചിരുന്നില്ലെന്നാണ് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷന്റെ വിശദീകരണം. കണ്ണൂർ സെക്ഷൻ പരിധിയിലെ ഫ്ലാറ്റിന് സമീപമുള്ള എയർ ബ്രേക്ക് സ്വിച്ചിൽ തീപ്പൊരി ഉണ്ടായതിനെ തുടർന്ന് പരാതി ലഭിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തിയായതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും പത്ത് മിനിറ്റിനകം മറ്റൊരു ഭാഗത്തുകൂടി വൈദ്യുതി പുനഃസ്ഥാപിച്ചെന്നും അസോസിയേഷൻ വ്യക്തമാക്കി.

കത്തുന്ന എയർ ബ്രേക്ക് സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപ്പണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ പരിപാടി സംഘടിപ്പിച്ച സംഘാടകരുടെ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥനെ ബലിയാടാക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി അടിയന്തര നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പുനഃപരിശോധിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംഭവത്തിൽ അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികളെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button