ഏഴ് വ്യാജ സ്വർണവളകൾ, നാല് ലക്ഷത്തിലേറെ രൂപ തട്ടിപ്പ്… മൂന്നുപേർ…

അങ്കമാലി: മുക്കുപണ്ടം സ്വർണവളകളെന്ന പേരിൽ സഹകരണ ബാങ്കിൽ പണയം വെച്ച് 4.20 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. അങ്കമാലി തുറവൂർ കിടങ്ങൂർ പാലമറ്റം വീട്ടിൽ ഷിജോ ജോസ് (40), കിടങ്ങൂർ കിങ്ങിണിമറ്റം സുരേഷ് (45), തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി (40) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബറിലായിരുന്നു തട്ടിപ്പ്. തുറവൂർ ഭാഗത്തെ സഹകരണ ബാങ്കിൽ ഏഴ് വ്യാജ സ്വർണവളകൾ പണയം വെച്ചാണ് സംഘം 4,20,000 രൂപ തട്ടിയെടുത്തത്.
ഷിജോ ജോസാണ് ബാങ്കിൽ വളകൾ പണയം വെച്ചത്. പണയം വെക്കുന്നതിനായി വളകൾ നൽകിയത് റോണിയും സുരേഷുമാണെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് റോണിയും സുരേഷും. റോണിക്കെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഏഴ് കേസുകളുണ്ട്. അങ്കമാലി, കൊരട്ടി, തൃക്കാക്കര, കാലടി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി സുരേഷിനെതിരെ 15 കേസുകളും നിലവിലുണ്ട്. ഷിജോയ്ക്കെതിരെയും അങ്കമാലി പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് കേസുകളുണ്ട്. എസ്ഐ ജോജോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ അജിത്ത്, രാജീവ്, എസ്‌സിപിഒ വിനോദ്, സിപിഒമാരായ മിഥുൻ, ലിൻസൺ എന്നിവരും ഉണ്ടായിരുന്നു.



