ആര് എന്ത് കളിച്ചിട്ടും കാര്യമില്ല… അഞ്ച് വർഷം വി.ഡി. സതീശൻ പൂർത്തിയാക്കും…

തിരുവനന്തപുരം: മെസി വിഷയത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്ന് കെ. മുരളീധരൻ. വരാത്ത മെസി കേരളത്തിലെത്തുമെന്ന് പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്തെന്നുമാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഗവർണറുടെ അനുമതി ലഭിച്ചിരുന്നുവെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ പിന്തുണ പ്രഖ്യാപിച്ചും കെ. മുരളീധരൻ രംഗത്തെത്തി. മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങളെച്ചൊല്ലിയുള്ള ചർച്ചകളിൽ കാര്യമില്ലെന്നും ആരൊക്കെ എന്ത് നീക്കം നടത്തിയാലും മുഖ്യമന്ത്രി ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷം വി.ഡി. സതീശൻ തുടരുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. മുഖ്യമന്ത്രിക്ക് മന്ത്രിസഭയുടെയും ജനങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, തൽക്കാലം പ്രതികരിക്കാനില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു മറുപടി. എ.പി. അനിൽകുമാറിനെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. ഇത്തരം വിമർശനങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും തനിക്കെതിരെയും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

Related Articles

Back to top button