സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി റോസ് അവന്യൂ കോടതി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി. 2025 ഓഗസ്റ്റ് 24ന് അഭിഭാഷകൻ വികാസ് ത്രിപാഠി നൽകിയ പരാതിയിലാണ് കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനാണ് നിർദേശം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ജോഷിയാണ് നിർദേശം നൽകിയത്. നവംബർ 28ന് കോടതി വീണ്ടും വാദം കേൾക്കും. 1980, 1981, 1983 വർഷങ്ങളിലെ വോട്ടർപട്ടികകളുടെ പകർപ്പുകളും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. 1980ലെ വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉണ്ടായിരുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. 1983ലാണ് സോണിയയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും അതിനുമുമ്പ് പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെയെന്നുമാണ് പരാതിയിൽ ചോദ്യം ഉന്നയിക്കുന്നത്. ആരോപണങ്ങൾ സാധൂകരിക്കുന്ന കൂടുതൽ രേഖകൾ സമർപ്പിക്കാൻ നവംബർ 11ന് കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

Related Articles

Back to top button