പുതിയ മദ്യനയത്തിൽ വൻ മാറ്റങ്ങൾ… ത്രീസ്റ്റാർ ബാറുകൾക്ക് പുതിയ ലൈസൻസ് ഇല്ല…

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ നിർദേശിച്ച് എക്സൈസ് വകുപ്പ്. ഇനി പുതിയ ബാർ ലൈസൻസുകൾ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചന. ത്രീസ്റ്റാർ ഹോട്ടലുകൾക്ക് പുതിയ ബാർ ലൈസൻസ് അനുവദിക്കില്ല. എന്നാൽ നിലവിലുള്ള ബാറുകളുടെ ലൈസൻസ് പുതുക്കി നൽകാൻ നിർദേശമുണ്ട്. പുതിയ മദ്യനയത്തിന്റെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനിരിക്കെയാണ് നിർണായക നിർദേശങ്ങൾ പുറത്തുവരുന്നത്.
മദ്യനയത്തിന്റെ ഭാഗമായി ബെവ്കോയുടെ പ്രവർത്തനങ്ങളിലും സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം കൂടുതൽ ഡിജിറ്റലാക്കുന്നതിനും സോഫ്റ്റ്വെയറിലെ ക്രമക്കേടുകൾ തടയുന്നതിനുമുള്ള നടപടികൾ പരിഗണനയിലാണ്. പുതിയ ഔട്ട്ലെറ്റുകൾ അനുവദിക്കുന്നതിലും നിയന്ത്രണം കൊണ്ടുവരാൻ നിർദേശമുണ്ട്. ബാറുകളുടെ പ്രവർത്തനസമയത്തിലും മാറ്റങ്ങൾ വരുത്തിയേക്കും. നിലവിലുള്ള സമയക്രമം പുനഃപരിശോധിക്കാനാണ് നീക്കം. നഗരങ്ങളിലെയും വിനോദസഞ്ചാര മേഖലകളിലെയും ബാറുകളുടെ പ്രവർത്തനസമയത്തിൽ വ്യത്യസ്ത പരിഗണനകൾ ഉണ്ടാകാമെന്നാണ് റിപ്പോർട്ടുകൾ. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പുതിയ മദ്യനയത്തിൽ പ്രത്യേക നിർദേശമുണ്ട്. ബാറിലെത്തി മദ്യപിച്ച് മടങ്ങുന്നവർ സ്വയം വാഹനമോടിക്കുന്നത് തടയേണ്ട ഉത്തരവാദിത്തം ബാർ ഉടമകൾക്കുകൂടി നൽകാനാണ് ആലോചന.
ഇതിനായി ഡ്രൈവർമാരെയോ മറ്റ് യാത്രാസൗകര്യങ്ങളോ ബാറുകൾ തന്നെ ഏർപ്പെടുത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണവും പരിഗണിക്കുന്നുണ്ട്. മദ്യവിരുദ്ധ സമിതികൾ, മുൻ എക്സൈസ് മന്ത്രിമാർ, ബാർ ഉടമകൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് നയത്തിന്റെ കരട് തയ്യാറാക്കിയത്. മുൻ സർക്കാരുകളുടെ മദ്യനയവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പരിഗണിച്ചാണ് പുതിയ നയത്തിന് രൂപം നൽകുന്നത്. യുഡിഎഫ് യോഗത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെ പുതിയ മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതുവരെ പുറത്തുവന്ന നിർദേശങ്ങൾ അന്തിമ തീരുമാനമായി കാണാനാകില്ല.




