ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ?… കോൺഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന
തൃശ്ശൂർ: ബിജെപി ദേശീയ കൗൺസിൽ അംഗം പത്മജ വേണുഗോപാൽ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായും നടത്തിയ ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണ് രാജിനീക്കമെന്നാണ് സൂചന. വരും ദിവസങ്ങളിൽ രാജിക്കത്ത് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയെ തുടർന്ന് മാസങ്ങളായി പത്മജ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷൻ അംഗത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും നേരത്തെ അതൃപ്തിക്ക് കാരണമായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പത്മജയും അനുയായികളും കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ കോൺഗ്രസിലേക്കുള്ള മടക്കത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 2024 മാർച്ചിലാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു അന്ന് അവർ ഉന്നയിച്ച പ്രധാന പരാതി.
അതേസമയം, ബിജെപി വിടുമെന്ന തരത്തിലുള്ള വാർത്തകൾക്ക് ഒക്ടോബർ 17ന് പത്മജ തന്നെ മറുപടി നൽകിയിരുന്നു. ബിജെപിയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും പാർട്ടി വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും രാജിനീക്കവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പത്മജയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.




