മോദിയുടെ ‘400 പാർ’ മുദ്രാവാക്യം ഓർമ്മിപ്പിച്ച് കോൺഗ്രസിന്റെ പരിഹാസം

ഡൽഹിയിലെ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ നഗരത്തിലെ വായു ഗുണനിലവാര സൂചിക 400-ൽ എത്തിയിരുന്നു. അതീവ ഗുരുതര വിഭാഗത്തിലാണ് നിലവിലെ വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിട്ടുള്ളത്.2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെയുള്ള നരേന്ദ്ര മോദിയുടെ ‘400 പാർ’ മുദ്രാവാക്യത്തെ ഉദ്ധരിച്ചായിരുന്നു കോൺഗ്രസിൻ്റെ വിമർശനം. ഇത്തവണ എക്യുഐ 400 കടക്കുമെന്നും ‘പ്രവചനമന്ത്രി’യുടെ മുദ്രാവാക്യം വായുഗുണനിലവാര സൂചികയെ സംബന്ധിച്ചെങ്കിലും സത്യമാകുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറിയെന്ന് ജയറാം രമേശ് ആരോപിച്ചു. ജനങ്ങൾ ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുകയാണെന്നും ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുദ്രാവാക്യങ്ങൾ വായുവിലേക്ക് വലിച്ചെറിഞ്ഞു. ഇപ്പോൾ വായു തന്നെ വിഷമായി മാറിയിരിക്കുകയാണെന്നും’ ജയറാം രമേശ് പരിഹസിച്ചു. എക്സിലായിരുന്നു ജയ്റാം രമേശിന്റെ വിമർശനം.വായുമലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മാർഗങ്ങൾ അവലംബിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ശനിയാഴ്ച യോഗം വിളിച്ചു ചേർത്തിരുന്നു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി. മലിനീകരണം തടയാൻ ഏകോപിതമായ നടപടികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെ മലിനീകരണ നിയന്ത്രണം നടപ്പാക്കുന്നതിനായി നിയോഗിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ഇവർ നഗരങ്ങൾ സന്ദർശിച്ച് നടപടികൾ വിലയിരുത്തുകയും റിപ്പോർട്ടുകൾ വായുഗുണനിലവാര നിയന്ത്രണ കമ്മിഷന് സമർപ്പിക്കുകയും വേണം.ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ കർശനമായി നടപ്പാക്കാനും മന്ത്രിയുടെ നിർദേശമുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, ഗതാഗത നിയന്ത്രണം, വർക്ക് ഫ്രം ഹോം വ്യവസ്ഥ, തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് തടയൽ തുടങ്ങിയ നടപടികൾ ഡൽഹിയുടെ വായു മലിനീകരണ നിയന്ത്രണ പദ്ധതിയിലുണ്ട്. ഇവ വായു മലിനീകരണ പ്രശ്നമുള്ള അയൽസംസ്ഥാനങ്ങൾകൂടി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു




