അഞ്ച് ലക്ഷ്യങ്ങൾ, ഒരു മിഷൻ… മമ്മൂട്ടിയെ ബ്രാൻഡ് അംബാസഡറാക്കി ‘ജീവ-സുയാത്ര മിഷൻ’

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. 2030-ഓടെ റോഡപകട മരണങ്ങളും പരുക്കുകളും പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി ‘ജീവ-സുയാത്ര മിഷൻ’ എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കും. ഞായറാഴ്ച മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. നടൻ മമ്മൂട്ടിയാണ് മിഷന്റെ ബ്രാൻഡ് അംബാസഡർ. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അഞ്ച് പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മിഷന്റെ പ്രവർത്തനം. സുരക്ഷിത നിരത്തുകൾ, സുരക്ഷിത പെരുമാറ്റം, സുരക്ഷിത വേഗത, സുരക്ഷിത വാഹനങ്ങൾ, അപകടാനന്തര അടിയന്തര പ്രതികരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
സുരക്ഷിത നിരത്തുകൾ: റോഡുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും സുരക്ഷ ഉറപ്പാക്കും. അപകടസാധ്യത കൂടുതലുള്ള ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആധുനിക എൻജിനീയറിങ് സംവിധാനങ്ങൾ ഉപയോഗിച്ച് പരിഹരിക്കും.
സുരക്ഷിത പെരുമാറ്റം: ഡ്രൈവർമാരിലും കാൽനടയാത്രക്കാരിലും ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധം വളർത്തും. സ്കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
സുരക്ഷിത വേഗത: അമിതവേഗത നിയന്ത്രിക്കാൻ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കും.
സുരക്ഷിത വാഹനങ്ങൾ: വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൃത്യമായ പരിശോധനകളും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തും.
അപകടാനന്തര അടിയന്തര പ്രതികരണം: അപകടമുണ്ടായാൽ പരിക്കേറ്റവർക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തും.
റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷിതമായ പെരുമാറ്റം ഉറപ്പാക്കുകയും അപകടമുണ്ടായാൽ ജീവൻ രക്ഷിക്കാനുള്ള അടിയന്തര സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ജീവ-സുയാത്ര മിഷനിലൂടെ ലക്ഷ്യമിടുന്നത്.



