2027 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു…. മാർച്ച്….

തിരുവനന്തപുരം: സംസ്ഥാനത്തെ 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കും. ഏപ്രിൽ അഞ്ചിന് മൂല്യനിർണയം തുടങ്ങും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഇത്തവണ ഏകദേശം 4.25 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.

ഒന്ന്, രണ്ട് വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിനും മറ്റു ദിവസങ്ങളിൽ രാവിലെ 9.30നുമാണ് പരീക്ഷ ആരംഭിക്കുക. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25ന് തുടങ്ങും. മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ 24 വരെ നടക്കും. ഹയർ സെക്കൻഡറി ഫലം മെയ് 15ന് പ്രഖ്യാപിക്കും. ഒന്ന്, രണ്ട് വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി രണ്ടായിരത്തോളം പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം ഒൻപത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും.

വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി നടക്കും. ഏകദേശം 53,000 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. അതേസമയം, ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ എട്ട് മുതൽ 17 വരെ നടക്കും. എൽപി വിഭാഗത്തിന് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചശേഷം അവധിക്കായി അടയ്ക്കും. പത്തുദിവസത്തെ അവധിക്കുശേഷം ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും.

Related Articles

Back to top button