റാങ്ക് ഹോൾഡേഴ്സിന്റെ സമരം… സർക്കാരിനെതിരെ ബിജെപി നേതാക്കൾ

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം 129-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കൊപ്പം ബിജെപിയുണ്ടെന്നും സമരപ്പന്തൽ പൊളിച്ചാൽ സമരം അവസാനിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരം പൊളിക്കുകയല്ല, സമരക്കാരുടെ പ്രശ്നങ്ങൾ കേൾക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആശാ വർക്കർമാരുടെ സമരകാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ അവർക്കൊപ്പം നിന്നിരുന്നു.
എന്നാൽ ഇപ്പോൾ സമരക്കാർക്ക് പിന്തുണ നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ‘പുതുയുഗ കേരളം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന സർക്കാർ ആ നിലപാട് പ്രവൃത്തിയിൽ കാണിക്കുന്നില്ലെന്നും പ്രശ്നം പരിഹരിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അതേസമയം, റാങ്ക് ഹോൾഡേഴ്സിന് നൽകിയ ഉറപ്പുകൾ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ മറന്നെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. സമരക്കാരെ നേരിടാൻ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരപ്പന്തലിലെത്തി ഉദ്യോഗാർഥികളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സമരപ്പന്തലിലെത്തിയ വി.ഡി. സതീശൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പലതവണ ഉറപ്പുനൽകിയിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ അധികാരത്തിലെത്തിയതോടെ മുൻ പിണറായി വിജയൻ സർക്കാരിന്റെ അതേ നിലപാടാണ് പുതിയ സർക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ അവഗണനയിൽ മനംനൊന്ത് വളർമതി തല മുണ്ഡനം ചെയ്തപ്പോൾ കണ്ണുനിറയുകയും ഹൃദയം തകരുകയും ചെയ്തുവെന്ന് പറഞ്ഞ നേതാവാണ് ഇപ്പോൾ സമരപ്പന്തൽ പൊളിക്കാൻ പൊലീസിനെ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. നിരാഹാര സമരപ്പന്തൽ പൊളിക്കാൻ കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ ശ്രമം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.



