നെയ്യ് വിവാദത്തിനിടെ മിൽമയ്ക്ക് വീണ്ടും കരാർ…. 5000 ലിറ്റർ ഇന്ന് ശബരിമലയിലെത്തിക്കും

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണം വീണ്ടും മിൽമയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. ആദ്യഘട്ടമായി 5000 ലിറ്റർ നെയ്യ് ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ദേവസ്വം ബോർഡും തമ്മിൽ ധാരണയായത്. കഴിഞ്ഞ വർഷം ശബരിമലയിലേക്ക് കൊണ്ടുപോയ മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിൽക്കുകയും പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിക്കുകയും ചെയ്തെന്ന കേസ് നിലനിൽക്കെയാണ് വീണ്ടും മിൽമയ്ക്ക് കരാർ നൽകുന്നത്.
ഇത്തവണ ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ മിൽമ സ്വന്തം വാഹനത്തിൽ തന്നെയാണ് നെയ്യ് പമ്പയിലെത്തിക്കുന്നത്. നെയ്യ് വിതരണത്തിലെ വിവാദത്തെത്തുടർന്ന് ആദ്യം മിൽമയെ ഒഴിവാക്കി ദേവസ്വം ബോർഡ് റീ ടെൻഡർ വിളിച്ചിരുന്നു. എന്നാൽ ടെൻഡറിൽ പങ്കെടുത്തത് നേരത്തെയുള്ള നെയ്യ് ക്രമക്കേടിൽ ആരോപണവിധേയനായ തമിഴ്നാട്ടിലെ കരാറുകാരനായിരുന്നു. ഇതോടെ റീ ടെൻഡർ നടപടികളിൽ നിന്ന് ബോർഡ് പിന്മാറി. പിന്നീട് വിളിച്ച ടെൻഡറിൽ മറ്റാരും പങ്കെടുക്കാതിരുന്നതോടെയാണ് വീണ്ടും മിൽമയെ ആശ്രയിക്കാൻ തീരുമാനിച്ചത്. അടിയന്തരമായി 10,000 ലിറ്റർ നെയ്യ് നൽകാനാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടത്. ഇതിൽ 5000 ലിറ്റർ ഇന്ന് കൈമാറും. ആകെ 50,000 ലിറ്റർ നെയ്യാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് മതിയാകുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ നെയ്യ് വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെടുക.
ഒരു ലിറ്റർ നെയ്യിന് 660 രൂപയാണ് മിൽമ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ഉൾപ്പെടെയുള്ള ഗുണനിലവാര പരിശോധനകൾ കർശനമായി പൂർത്തിയാക്കിയ ശേഷമാണ് നെയ്യ് കൈമാറുന്നത്. അതേസമയം, മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. കേസിൽ രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിൽ കൂടുതൽ പേരുടെ പങ്കാളിത്തം കണ്ടെത്താനാകുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ.



