ആലപ്പുഴയിൽ കെ.എസ്.യു നേതാവിനെതിരെ പരാതി നൽകിയ എസ്.ഐക്ക്….

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ ഭീഷണിപ്പെടുത്തിയെന്ന പരാതി നൽകിയ പുന്നപ്ര എസ്.ഐ ശരത്തിന് സ്ഥലംമാറ്റം. നാർക്കോട്ടിക് സെല്ലിലേക്കാണ് ശരത്തിനെ മാറ്റിയത്. അൻസിൽ ജലീലിനെതിരെ പരാതി നൽകിയതിന് പിന്നാലെയുള്ള സ്ഥലംമാറ്റം ശ്രദ്ധേയമായിട്ടുണ്ട്. പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ശരത്തിന്റെ പരാതിയിലാണ് അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തത്. 2026 ഒക്ടോബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം.

പൊലീസ് ജീപ്പ് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അൻസിൽ ജലീൽ എസ്.എച്ച്.ഒയെ ഫോണിൽ വിളിച്ചെന്നാണ് പരാതി. യുവാക്കളെ വിട്ടയച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. അൻസിൽ ജലീലിന്റെ സുഹൃത്തുക്കളായ യുവാക്കളെ മദ്യപിച്ച നിലയിൽ പിടികൂടിയതിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് പരാതി. സംഭവത്തിൽ അൻസിൽ ജലീലിനെതിരെ എസ്.എച്ച്.ഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. അതേസമയം, താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അൻസിൽ ജലീൽ വ്യക്തമാക്കി.

Related Articles

Back to top button