21,000 രൂപ ഓണറേറിയം വേണം… ആശാ വർക്കർമാർ വീണ്ടും….

കോഴിക്കോട്: ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ഈ മാസം 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്തും. പ്രതിമാസ ഓണറേറിയം 21,000 രൂപയായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. ഇൻസെന്റീവ് വിതരണത്തിലെയും മെഡിക്കൽ ലീവിലെയും അപാകതകൾ പരിഹരിക്കണമെന്നും സംഘടനാ നേതാക്കൾ കോഴിക്കോട് ആവശ്യപ്പെട്ടു. നേരത്തെ പ്രഖ്യാപിച്ച 21,000 രൂപ ഓണറേറിയം നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ 265 ദിവസത്തിലധികം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയായി ഉയർത്തുമെന്ന് യുഡിഎഫ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, 2026 മേയിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ 9,000 രൂപയായിരുന്ന ഓണറേറിയം 12,000 രൂപയായി ഉയർന്നു. വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണമായി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഓണറേറിയം വർധനയെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപ എന്ന ആവശ്യത്തിൽ മാറ്റമില്ലെന്നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്.



