കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടെറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ സ്വദേശിനി ജ്യോതി, മകൻ നവീൻ കൃഷ്‌ണ (21) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാം എന്നും സംശയം ഉയരുന്നു. വീടിന്റെ രണ്ടാം നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ജ്യോതിയുടെ ഭർത്താവ് ഇന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് രണ്ടുപേരും ചോരയിൽക്കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. നവീൻ കൃഷ്‌ണയുടെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റ പാടുണ്ടെന്നാണ് മൃതദേഹം ആദ്യം കണ്ട നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ജ്യോതിയുടെ കഴുത്തിലായിരുന്നു വെട്ടേറ്റതെന്നും മുഖം പോലും തിരിച്ചറിയാനാകാത്ത രീതിയിൽ രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.



