കായംകുളം എൻടിപിസിക്ക് ചരിത്രനേട്ടം…

ഏകദേശം അഞ്ചര വർഷത്തെ ഇടവേളയ്ക്കുശേഷം, എൻടിപിസി- കായംകുളത്തെ ഗ്യാസ് ടർബൈൻ-2 (ജിടി-2) വിജയകരമായി ഗ്രിഡുമായി സമന്വയിപ്പിച്ചതിലൂടെ നിലയം ശ്രദ്ധേയമായൊരു ചരിത്രനേട്ടം കൈവരിച്ചു. ഇതോടൊപ്പം, മെഥനോൾ ഇന്ധനമായി ഉപയോഗിച്ചുള്ള പരീക്ഷണ പ്രവർത്തനവും വിജയകരമായി പൂർത്തിയാക്കി എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് വഴിതുറക്കുന്ന സുപ്രധാന ചുവടുവയ്പ്പായും ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

ഹൈ സ്പീഡ് ഡീസൽ (എഛ് എസ് ഡി) ഉപയോഗിച്ചുള്ള പ്രാരംഭ ഫയറിംഗിന് ശേഷമാണ് ടർബൈൻ മെഥനോൾ ഇന്ധനത്തിലേക്ക് സുഗമമായി മാറ്റിയത്. പരീക്ഷണത്തിന്റെ ഭാഗമായി ഏകദേശം 3.5 മണിക്കൂർ മെഥനോൾ ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും പരമാവധി 40 മെഗാവാട്ട് (MW) വൈദ്യുതി ഉൽപ്പാദനശേഷി കൈവരിക്കുകയും ചെയ്തു. മെഥനോൾ അധിഷ്ഠിത വൈദ്യുതി ഉൽപ്പാദനത്തിന്റെ സാങ്കേതിക സാധ്യതയും പ്രായോഗികതയും ഈ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു.

അഞ്ച് വർഷത്തിലധികം കാലം പ്രവർത്തനരഹിതമായി തുടർന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനക്ഷമതയും യന്ത്രങ്ങളുടെ ആരോഗ്യസ്ഥിതിയും മികച്ച രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞത് എൻടിപിസി-യിലെ ജീവനക്കാരുടെയും എൻജിനീയർമാരുടെയും അർപ്പണബോധത്തിന്റെയും സാങ്കേതിക മികവിന്റെയും ഉത്തമ ഉദാഹരണമാണ്.

വിജയകരമായ മെഥനോൾ പരീക്ഷണം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി ഉൽപ്പാദനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. നഗര ഖരമാലിന്യങ്ങളിൽ (Municipal Solid Waste) നിന്ന് മെഥനോൾ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയുള്ളതിനാൽ, ശുദ്ധമായ ഊർജ്ജോൽപ്പാദനത്തിനൊപ്പം മാലിന്യ സംസ്കരണത്തിനും പുതിയ സാധ്യതകൾ തുറക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

എൻടിപിസി-കായംകുളം പ്രോജക്ട് മേധാവി അസുതോഷ് ബിശ്വാസിന്റെ നേതൃത്വത്തിൽ, നിലയത്തിലെ ജീവനക്കാർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ, എൻടിപിസി-യുടെ വിവിധ നിലയങ്ങളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമെത്തിയ വിദഗ്ധർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായാണ് ഈ ചരിത്രനേട്ടം യാഥാർഥ്യമായത്.

Related Articles

Back to top button