കോവളത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി; നാലുപേർക്കെതിരെ…

കോവളത്ത് പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനാറുകാരിയെ നാലുപേർ വിവിധ ഘട്ടങ്ങളിലായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പുങ്കുളം വാർഡിൽ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപർണികയിൽ താമസിക്കുന്ന മെഡിക്കൽ സ്റ്റോർ ഉടമ അനൂപ് (39), പള്ളിച്ചൽ കണ്ണംകോട് മച്ചേൽ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന റോയ് (27) എന്നിവരാണ് അറസ്റ്റിലായത്. പെറ്റ് ഷോപ്പ് നടത്തുന്നതിനൊപ്പം ജിം ട്രെയിനറായും പ്രവർത്തിക്കുന്നയാളാണ് റോയ്.
സ്കൂളിൽ തുടർച്ചയായി ഹാജരാകാതിരിക്കുകയും അവധിയെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് വിദ്യാർഥിനിയെ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിന് വിധേയയാക്കിയത്. ഇതിനിടെയാണ് താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. കോവളം, തിരുവല്ലം, ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി നാലുപേർ വിവിധ സമയങ്ങളിൽ പീഡിപ്പിച്ചെന്നാണ് മൊഴി.



