പ്ലസ്ടു വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് ബസിന് ആഡംബര കാറുകളുടെ അകമ്പടി; തീതുപ്പുന്ന വാഹനങ്ങൾ..

സ്കൂൾ വിനോദയാത്രയ്ക്ക് അകമ്പടിയായി എത്തിയ തീതുപ്പുന്നതും അമിത ശബ്ദമുള്ളതുമായ ആഢംബര കാറുകൾ ചടയമംഗലം പൊലീസ് പിടികൂടി. കൊല്ലം ആയൂർ തേവന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് മുന്നോടിയായാണ് ഈ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. അതേസമയം സംഭവവുമായി സ്കൂളിന് ബന്ധമില്ലെന്ന് അധികൃതർ പറഞ്ഞു.
ആഢംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിനോദയാത്രയ്ക്കുള്ള രണ്ട് ബസുകളും സ്കൂളിലേക്കെത്തിയത്. സ്കൂൾ അധികൃതരും പൊലീസും കർശന നിർദേശം നൽകിയിട്ടും പാലിച്ചില്ലെന്നാണ് പരാതി. പല വാഹനങ്ങൾക്കും അമിതമായ ശബ്ദമായിരുന്നുവെന്ന് നാട്ടുകാരും അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർ അമിത വേഗതയിൽ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നതിനെതിരെ കർശന പരിശോധനകൾ നടക്കുന്നതിനിടെയാണ് സ്കൂൾ വിനോദയാത്രയുമായി ബന്ധപ്പെട്ട് പുതിയ വിവാദം കൂടി വരുന്നത്. വാഹനങ്ങൾ പിടിച്ചുവച്ചതിന് പിന്നാലെ ഉന്നതരിൽ നിന്ന് ചില സമ്മർദങ്ങളും തങ്ങൾക്ക് നേരിടേണ്ടി വന്നതായി പൊലീസ് അറിയിച്ചു.


