മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ

മുൻപ് പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ പുതിയ കാമുകനോടുള്ള വൈരാഗ്യമാണ് ശ്രീകാര്യം പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലക്ഷ്യമിട്ട കൗമാരക്കാരനെ നേരിട്ട് ആക്രമിക്കുന്നതിനുപകരം, ഇയാളുടെ അടുത്ത സുഹൃത്തായ അഭിരാമിനെ കെണിയിൽപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ ആസൂത്രണം ചെയ്ത കൊലപാതകത്തിൽ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ക്രിമിനലിനെയും ഒപ്പം കൂട്ടി. കേസിലെ ഒന്നാം പ്രതിയായ 17കാരന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയുമായി പ്രണയത്തിലായിരുന്ന ശ്രീകാര്യം സ്വദേശിയായ പെൺകുട്ടി ബന്ധം അവസാനിപ്പിച്ച് മറ്റൊരു 17കാരനുമായി അടുപ്പത്തിലായതോടെയാണ് വൈരാഗ്യം തുടങ്ങിയത്. ബന്ധം തകരാൻ കാരണം പുതിയ കാമുകനാണെന്ന് വിശ്വസിച്ച ഒന്നാം പ്രതി ഇയാളെ അപായപ്പെടുത്താൻ പദ്ധതിയിട്ടു. ഇക്കാര്യം തന്റെ സുഹൃത്തും ഇപ്പോഴത്തെ കാമുകിയുമായ ആനന്ദയോടും പങ്കുവച്ചു. എന്നാൽ, പിന്നീട് ലക്ഷ്യം മാറി. പുതിയ കാമുകന്റെ അടുത്ത സുഹൃത്തായ അഭിരാമിനെ ഉപയോഗിച്ച് പ്രതികാരം നടപ്പാക്കാനായിരുന്നു നീക്കം.

സംഭവത്തിന് ഏതാനും ദിവസം മുൻപ് തന്നെ ആനന്ദയുടെ മൊബൈൽ ഫോൺ ഒന്നാം പ്രതിയുടെ കൈവശമായിരുന്നു. ഈ ഫോണും ആനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ച് അഭിരാമുമായി പ്രതി ബന്ധം സ്ഥാപിച്ചു. സന്ദേശങ്ങളിലൂടെ സൗഹൃദം വളർത്തിയ ശേഷം പ്രണയം നടിച്ച് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് എത്താൻ ആവശ്യപ്പെട്ടു.

ബസിൽ യാത്ര ചെയ്തെത്തിയ അഭിരാം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്ഥലത്തെത്തി. അവിടെ ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഉമറും കാത്തുനിൽക്കുന്നുണ്ടായിരുന്നു. താൻ കെണിയിൽപ്പെട്ടതായി തിരിച്ചറിഞ്ഞ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞു.

തുടർന്ന്, തങ്ങൾ ലക്ഷ്യമിട്ടിരുന്ന 17കാരനായ സുഹൃത്തിനെ ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരുത്തണമെന്ന് പ്രതികൾ അഭിരാമിനോട് ആവശ്യപ്പെട്ടു. നിർബന്ധത്തെ തുടർന്ന് രണ്ടുതവണ അഭിരാം സുഹൃത്തിനെ വിളിച്ചു. എന്നാൽ സ്ഥലത്തേക്ക് വരാനാകില്ലെന്നും ആവശ്യമെങ്കിൽ തന്റെ അടുത്തേക്ക് വരാമെന്നും സുഹൃത്ത് മറുപടി നൽകി. വീണ്ടും വിളിക്കണമെന്ന പ്രതികളുടെ ആവശ്യം അഭിരാം നിരസിച്ചതോടെ സംഘർഷമുണ്ടായി.

മടങ്ങിപ്പോകാൻ ശ്രമിച്ച അഭിരാമിനെ പ്രതികൾ ബലംപ്രയോഗിച്ച് തടഞ്ഞു. തുടർന്ന് കൈകൾ കൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഞായറാഴ്ച വൈകിട്ട് ആറിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Related Articles

Back to top button