കാലടി സർവകലാശാല പരീക്ഷാ വിവാദം… എസ്.എഫ്.ഐ സുപ്രീം കോടതിയിലേക്ക്…

കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീട്ടാൻ എസ്.എഫ്.ഐ. സമരത്തെ തുടർന്ന് സസ്പെൻഷനിലായ 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ എസ്.എഫ്.ഐ തീരുമാനിച്ചത്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. യു.ജി.സി മാനദണ്ഡങ്ങളും സർവകലാശാല നിയമവും സിംഗിൾ ബെഞ്ച് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് മതിയായ ഹാജരില്ലെന്നായിരുന്നു സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ സിസ തോമസിന്റെ വാദം. എന്നാൽ സസ്പെൻഷന് മുൻപ് തങ്ങൾക്ക് മതിയായ ഹാജരുണ്ടായിരുന്നുവെന്നും അന്യായമായ സസ്പെൻഷനാണ് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്നുമാണ് വിദ്യാർഥികളുടെ വാദം. വിഷയത്തിൽ നീതിക്കായി നിയമപോരാട്ടം തുടരുമെന്ന് നേരത്തെ എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം.



