ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി… ഉത്തരവ് റദ്ദാക്കാൻ…

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഉത്തരവിറക്കിയതിൽ വിശദീകരണം തേടിയ മുഖ്യമന്ത്രി, അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലുകളോ നിർമാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പ്രവൃത്തികൾ നടത്തേണ്ടതില്ലെന്നും ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ മാത്രം മതിയെന്നുമായിരുന്നു നിർദേശം. എന്നാൽ, ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി. 2022 മുതൽ തയ്യാറാക്കിയ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായാണ് പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് വകുപ്പിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ മുൻ നിർദേശങ്ങൾ മറികടന്ന് ഉത്തരവിറക്കാനിടയായ സാഹചര്യം പരിശോധിക്കാനാണ് വകുപ്പ് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് തേടിയത്.



