കാലം മാറി, ചിന്ത മാറിയില്ല… സ്ത്രീസുരക്ഷയിൽ പുതിയ വനിതാ നയം വേണമെന്ന്…

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം പ്രവണതകൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ അശ്ലീല പരാമർശങ്ങൾ എഴുതിവെച്ചിരുന്നവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളെയാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യമെന്നും ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെതിരെ പ്രത്യേക നിയമം കൊണ്ടുവരാനാകുമോയെന്നാണ് പരിശോധിക്കുന്നത്, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പുതിയ കാലത്തിനനുസരിച്ചുള്ള വനിതാ നയം രൂപീകരിക്കണമെന്നും രാജ്യത്തിന് മാതൃകയാകുന്ന നയം ഇച്ഛാശക്തിയോടെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലവും ലോകവും മാറിയിട്ടും പലരുടെയും ചിന്താഗതിയിൽ മാറ്റമുണ്ടാകുന്നില്ലെന്നും വേഷത്തിൽ മാത്രമാണ് മാറ്റമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനൊപ്പം സമൂഹത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള സാഹചര്യവും ഉറപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button