ഉയരം കാരണം വാഹനമാറ്റം… കേരള ഹൗസിൽ ഗവർണർക്ക്…

ഡൽഹി: കേരള ഹൗസിൽ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ടൊയോട്ട ഫോർച്ചുണർ കാർ വാടകയ്ക്കെടുത്തു. നിലവിൽ ഗവർണർ ഉപയോഗിച്ചിരുന്ന ഇന്നോവയ്ക്ക് പകരമാണ് പുതിയ വാഹനം. ഇന്നോവയിൽ കയറുന്നതിനും ഇരിക്കുന്നതിനും ഉയരം കാരണം ബുദ്ധിമുട്ടുണ്ടെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇന്നോവയ്ക്ക് പകരം ഫോർച്ചുണർ വേണമെന്ന് ഗവർണർ റെസിഡന്റ് കമ്മീഷണറെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ഫോർച്ചുണർ കാർ വാടകയ്ക്കെടുക്കുകയായിരുന്നു. സ്ഥിരമായി പുതിയ വാഹനം വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ഗവർണർ ഉപയോഗിക്കുന്നത് ഫോർച്ചുണർ കാറാണ്. എന്നാൽ ഡൽഹിയിലെത്തുമ്പോൾ മുഖ്യമന്ത്രിയും ഗവർണറും സാധാരണയായി ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഡൽഹിയിലെത്തുന്ന ഗവർണർക്കായാണ് ഫോർച്ചുണർ വാടകയ്ക്കെടുത്തത്. ഉയരം കാരണം കേരള ഹൗസിലെ കട്ടിലിലും നേരത്തെ മാറ്റം വരുത്തിയിരുന്നു. ഗവർണർ ഉപയോഗിച്ചിരുന്ന കട്ടിലിന് പകരം സിക്കിം ഹൗസിൽ ഉപയോഗിച്ചിരുന്ന കട്ടിലാണ് എത്തിച്ചത്.



