ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

ആലപ്പുഴ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ണാറശാലയിൽ ഇന്ന് ആയില്യം എഴുന്നള്ളത്ത് നടക്കും. കേരളത്തിലെ പ്രമുഖ നാഗരാജ ക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാന ചടങ്ങായ എഴുന്നള്ളത്ത് ആരംഭിക്കുക. ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ.

ആയില്യം ഉത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തരാണ് ഓരോ വർഷവും മണ്ണാറശാലയിലെത്തുന്നത്. ഉത്സവത്തിന്റെ മുന്നോടിയായി ഇന്നലെ നടന്ന മകം തൊഴീൽ ചടങ്ങിലും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും പരിഗണിച്ച് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നേരത്തേ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അവ പതിവുപോലെ നടക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button