സിസ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍….

കൊച്ചി: കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ ടി ജലീല്‍. സിസ തോമസ് മറ്റൊരു ‘വിഷകലയോ’എന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സിസ തോമസ് മനുഷ്യസ്ത്രീയാണോയെന്നും കെ ടി ജലീല്‍ ചോദിച്ചു. ശശികലയെക്കാള്‍ വലിയ വിഷകലയായി കേരളത്തിന്റെ പൊതുബോധത്തില്‍ വിഷം നിറക്കാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് ജയിലില്‍ കിടന്ന് പഠിച്ച് എല്‍എല്‍ബി ബിരുദമെടുക്കാന്‍ അവസരമുണ്ടായ നാടാണിതെന്ന് സിസ തോമസിന് അറിയില്ലേയെന്നും കെ ടി ജലീല്‍ ചോദിച്ചു.
സിസ തോമസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജലീല്‍ പോസ്റ്റ് പങ്കുവെച്ചത്. മാസങ്ങളായി കേടായി കിടക്കുന്ന ഡ്രാമാ തിയേറ്ററിലെ ലൈറ്റിന് ശവമഞ്ചം തീര്‍ത്തതാണോ കുട്ടികള്‍ ചെയ്ത മഹാപരാധമെന്ന് ജലീല്‍ ചോദിച്ചു. പതിനാറ് കുട്ടികളുടെ ഭാവി തകര്‍ത്തിട്ട് ജീവിതത്തില്‍ എന്ത് പദവികള്‍ നേടാമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?. നിങ്ങളും ഒരമ്മയല്ലേ?. ഏത് കോടതിയില്‍ നിന്നാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാനുള്ള വിധി നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ജലീല്‍ ചോദിച്ചു.



