പ്രധാനമന്ത്രിയുടെ കൈയിലെ കളിപ്പാവ… ഗ്യാനേഷ് കുമാറിനെ ജയിലിലടയ്ക്കണം… തേജസ്വി യാദവ്

ഡൽഹി: വോട്ടുകൊള്ള ആരോപണത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനം. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന ആഹ്വാനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് നന്ദി അറിയിച്ച തേജസ്വി യാദവ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിലെ കളിപ്പാവയാണ് ഗ്യാനേഷ് കുമാറെന്നും സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും തേജസ്വി യാദവ് ആരോപിച്ചു. മഹാഭാരതത്തിലെ ശകുനിയുടെ തന്ത്രങ്ങളെ പരാമർശിച്ച തേജസ്വി യാദവ്, രാജ്യത്തെ വോട്ടർമാരും അവരെ വഞ്ചിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണിതെന്നും പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാംലീലാ മൈതാനിയിൽ നടന്ന ‘ചലോ ദില്ലി’ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിനെ പുറത്താക്കുമെന്നും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്നും ഖർഗെ പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷം പോരാട്ടത്തിന് തയ്യാറാണെന്നും ഖർഗെ വ്യക്തമാക്കി. വോട്ടുകൊള്ള ആരോപണത്തെ മുൻനിർത്തി കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് സംവിധാനത്തിനുമെതിരെ സമ്മർദം ശക്തമാക്കുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം.




