ജെൻസി പിള്ളേരൊന്നും ഉറങ്ങുന്നില്ല… പുലർച്ചെ രണ്ടുമണിക്ക് സിനിമയിട്ടാലും കാണാൻ ആളുണ്ടാകും… മന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രദർശന സമയം നീട്ടുന്നതിൽ എല്ലാ വശങ്ങളും ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. പുലർച്ചെ രണ്ടുമണിക്ക് സിനിമ പ്രദർശിപ്പിച്ചാലും കാണാൻ ആളുണ്ടാകുമെന്നാണ് മന്ത്രിയുടെ അഭിപ്രായം. കാര്യങ്ങളെല്ലാം ആലോചിച്ച ശേഷമാണ് തീരുമാനം. പുലർച്ചെ രണ്ടുമണിക്ക് സിനിമയിട്ടാലും കാണാൻ ആളുകളുണ്ടാകും. ജെൻസി പിള്ളേരൊന്നും ഉറങ്ങുന്നില്ല. സിനിമ കണ്ടശേഷം പിറ്റേന്ന് ഉച്ചയ്ക്ക് മറ്റു സിനിമകൾ കാണാൻ അവർ എത്തട്ടെ. അങ്ങനെയാകുമ്പോൾ മുതിർന്നവർക്ക് രാവിലെ സിനിമ കാണാൻ കഴിയും.
എല്ലാവർക്കും സിനിമ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്, മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ടാഗോർ തിയേറ്റർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രി പ്രതികരിച്ചു. ടാഗോർ തിയേറ്റർ പി.ആർ.ഡി. വകുപ്പിന് കീഴിലാണെന്നും അത് സാംസ്കാരിക വകുപ്പിന് ലഭിച്ചാൽ സ്ഥിരം വേദിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചലച്ചിത്രമേളയെ മുഴുവൻ സമയ സിനിമാനുഭവമാക്കി മാറ്റാനുള്ള ചർച്ചകളിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മുതൽ ഉദ്ഘാടന, സമാപന ദിവസങ്ങൾ ഒഴികെയുള്ള ആറു ദിവസങ്ങളിൽ ഒന്നിലധികം വേദികളിൽ രാപകലില്ലാതെ സിനിമകൾ പ്രദർശിപ്പിക്കാനാണ് ആലോചനയെന്ന് അക്കാദമി ചെയർമാൻ രവീന്ദ്രൻ പറഞ്ഞു. പദ്ധതി നടപ്പിലായാൽ പ്രേക്ഷകർക്ക് കൂടുതൽ സമയങ്ങളിൽ സിനിമകൾ കാണാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.



