LDF ഭരണത്തിൽ 120 ദിവസം വരെ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ… അന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവമുണ്ടായിരുന്നില്ല…

ഡൽഹി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികളിൽ സർക്കാർ ഇടപെടാറില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാല എന്നത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും, വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുന്നതും തിരിച്ചെടുക്കുന്നതും പിരിച്ചുവിടുന്നതുമെല്ലാം സർവകലാശാലയുടെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും കാലടി സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്ന് റോജി എം. ജോൺ ചൂണ്ടിക്കാണിച്ചു. അന്ന് 90 ദിവസവും 120 ദിവസവും വരെ വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. ഒരു വിദ്യാർഥിയെ സർവകലാശാലയിൽ നിന്ന് പിരിച്ചുവിടുന്ന സാഹചര്യവും അന്നുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയോടോ മുഖ്യമന്ത്രിയോടോ ചോദ്യങ്ങൾ ചോദിക്കാൻ അന്ന് പ്രതിഷേധിക്കുന്ന എസ്.എഫ്.ഐക്കാർക്ക് ആർജ്ജവമില്ലായിരുന്നുവെന്നും വിമർശിച്ചു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കിയിരുന്നു. അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ എസ്.എഫ്.ഐ ദുഷ്ടലാക്കോടെ അലങ്കോലപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ സന്തോഷം തല്ലിക്കെടുത്തി സമരമെന്ന പേരിൽ തോന്നിയതുപോലെ ചെയ്യാമെന്ന് കരുതിയാൽ ആ വിരട്ടലിനു മുന്നിൽ വിറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button