ബിഎൽഎം തട്ടിപ്പ് കേസ്… സ്ഥാപകൻ ആർ. പ്രേംകുമാറിനെ വീണ്ടും റീ-അറസ്റ്റ് ചെയ്യാൻ…

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (BLM) സ്ഥാപകൻ ആർ. പ്രേംകുമാറിന്റെ റീ-അറസ്റ്റിനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം ഹർജി സമർപ്പിച്ചത്. എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് നേരത്തെ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തിരുന്നതെന്നും എന്നാൽ അദ്ദേഹം നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നും അന്വേഷണസംഘം കോടതിയിൽ ചൂണ്ടിക്കാണിച്ചു.
നിക്ഷേപകനായ അരുൺ കശ്യപ് നടക്കാവ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രേംകുമാറിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. നിലവിൽ 300 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബിഎൽഎമ്മിന്റെ ഭാഗത്തുനിന്ന് നടന്നിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതിനിടയിൽ പ്രേംകുമാറിന് കുരുക്ക് മുറുക്കിക്കൊണ്ട് കൂടുതൽ പരാതികളും കേസുകളും പുറത്തുവരുന്നുണ്ട്. ഇടുക്കി സ്വദേശിനിയായ സോണിയ സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ കോതമംഗലം പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 1 കോടി 60 ലക്ഷം രൂപ തട്ടിയെന്നും, 30% കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നുമാണ് ഈ പരാതിയിൽ വ്യക്തമാക്കുന്നത്. കൂടാതെ, ബിഎൽഎമ്മിന്റെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



