മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം… 11 പേർ….

കോട്ടയം: ദേശീയപാത 183-ൽ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർക്കും വഴിയാത്രികർക്കും അടക്കം നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 8.15-ഓടെ ചോറ്റി ജങ്ഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത് അമിത വേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേയെത്തിയ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി പിന്നാലെ എത്തിയ മറ്റ് വാഹനങ്ങളും ഒന്നിന് പിറകെ ഒന്നായി പരസ്പരം കൂട്ടിയിടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാതടസ്സം അനുഭവപ്പെട്ടു.



