20 അടി ഉയരത്തിൽ 3 വയസുകാരി ഷെഡിന്റെ മേൽക്കൂരയിൽ

അലനല്ലൂരില്‍ ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേല്‍ക്കൂരയില്‍ കയറിയ മൂന്ന് വയസ്സുകാരിയെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. അലനല്ലൂര്‍ എസ്റ്റേറ്റുംപടിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കുന്ന യൂണിറ്റിന് സമീപം വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. ഈ യൂണിറ്റിലെ ജീവനക്കാരനായ അസം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് അപകടത്തില്‍പ്പെട്ടത്. കമ്പനിയില്‍ കൂട്ടിയിട്ടിരുന്ന വലിയ പ്ലാസ്റ്റിക് ചാക്കുകള്‍ക്ക് മുകളിലൂടെ പിടിച്ചു കയറിയാണ് കുട്ടി ഷീറ്റുമേഞ്ഞ വലിയ ഷെഡിന്റെ മേല്‍ക്കൂരയില്‍ എത്തിയത്. കൂട്ടി മേല്‍ക്കൂരയിലൂടെ നടക്കുന്നത് കണ്ട് പ്രദേശവാസികള്‍ ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്തു. മേല്‍ക്കൂരയുടെ മറുഭാഗത്ത് 30 അടിയോളം താഴ്ച്ചയുള്ളതിനാല്‍ വലിയൊരു അപകടത്തിന് അരികിലായിരുന്നു കുട്ടി.

കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് ബൈക്കില്‍ പോവുകയായിരുന്ന അത്താണിപ്പടി നന്നങ്ങാടികുന്ന് സ്വദേശി ശിഹാബുദ്ദീന്‍ ആണ് കുട്ടിയെ രക്ഷിച്ചത്. ആളുകളുടെ ബഹളം കേട്ട് വണ്ടി നിര്‍ത്തിയ അദ്ദേഹം, മുകളില്‍ നില്‍ക്കുന്നത് കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഒട്ടും സമയം കളയാതെ ചാക്കുകെട്ടുകള്‍ക്ക് മുകളിലൂടെ വലിഞ്ഞു കയറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കളുടെ കൈയ്യില്‍ ഏല്‍പ്പിച്ചത്.

Related Articles

Back to top button