മാധ്യമം ശമ്പള നിഷേധം….ട്രേഡ് യൂണിയൻ നേതാക്കളുടെ സത്യഗ്രഹം നാളെ…

ശമ്പള കുടിശ്ശിക ഒമ്പതാം മാസത്തിലേക്കു കടക്കുന്ന മാധ്യമം പത്രത്തിൽ ജീവനക്കാർ രണ്ടു മാസമായി തുടരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ ശനിയാഴ്ച കോഴിക്കോട് മാധ്യമം ആസ്ഥാനത്തിനു മുന്നിൽ സത്യഗ്രഹം നടത്തും.
നിർബന്ധിത കരാർ വത്കരണത്തിനും നിർബന്ധിത രാജിക്കും തൊഴിലാളികൾക്കു മേൽ സമ്മർദം ശക്തിപ്പെടുത്തുന്നതിന് മാനേജ്മെന്റ് ശമ്പളം ആയുധമാക്കുന്നതിനെതിരെ സെപ്റ്റംബർ മൂന്നിന് സംയുക്ത ട്രേഡ് യൂണിയൻ ഐക്യ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യുണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ തുടങ്ങിയ അനിശ്ചിതകാല സമരത്തോട് മാനേജ്മെന്റും സർക്കാറും പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് സത്യഗ്രഹ സമരം.



