മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ല…. വിമർശനങ്ങളെ ക്രിയാത്മകമായി കാണുമെന്ന്….

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരായ സൈബർ അധിക്ഷേപങ്ങളെ തള്ളി സിപിഐഎം. സൈബർ ആക്രമണവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടിയെപ്പോലുള്ളവരുമായി സംവദിക്കാനും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ചർച്ച നടത്താനുമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടി ലോകമറിയുന്ന മലയാളത്തിന്റെ മഹാനടനാണ്. കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരം വളരെ പ്രധാനപ്പെട്ടതാണ്. മമ്മൂട്ടി ചിലപ്പോൾ ഇടതുപക്ഷത്തെ വിമർശിച്ചിട്ടുണ്ടാകാം. എന്നാൽ അത്തരം വിമർശനങ്ങളെല്ലാം പാർട്ടി ക്രിയാത്മകമായാണ് കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമായ ആയിരക്കണക്കിന് ആളുകളുമായി നല്ല രീതിയിലുള്ള സംവേദനം വേണമെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്. മമ്മൂട്ടി എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അതിന് വിസമ്മതിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി-യുവജന സംഘടനകൾക്ക് രാജ്യത്തുടനീളം അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഈ സംഘടനകളുടെ നേതാക്കളുമായി മമ്മൂട്ടി ചർച്ചയ്ക്ക് തയ്യാറായാൽ അതിനെ സ്വാഗതം ചെയ്യുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മമ്മൂട്ടി ഉൾപ്പെടെ എല്ലാവരുമായും നല്ല രീതിയിൽ ചർച്ച ചെയ്ത് മുന്നോട്ടുപോകാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. ആരെയും വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മിന് താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



