വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം… പ്രിൻസിപ്പലിനെ തടഞ്ഞ്…

കൽപ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലായിരുന്നെന്ന് ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തി. വിനോദയാത്ര കഴിഞ്ഞ് സ്കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെ പ്രതിഷേധക്കാർ തടഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് വൈദ്യപരിശോധന നടത്തി ഉറപ്പുവരുത്തിയശേഷമേ പ്രിൻസിപ്പലിനെ സ്കൂളിൽ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പ്രിൻസിപ്പലിനെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പിന്നാലെ പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച രാത്രി വിനോദയാത്രയ്ക്കായി പോയ ബസിൽ നിന്നുള്ള വീഡിയോയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. വിദ്യാർഥികളാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. വീഡിയോ പുറത്തുവന്നതോടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചിരുന്നുവെന്ന ആരോപണം ഉയരുകയായിരുന്നു. താൻ മദ്യപിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പൽ ഷിബി കൃഷ്ണന്റെ വിശദീകരണം. പിടിഎ പ്രസിഡന്റ് എസ്. ഹാജിസിന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടതായും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെടുകയായിരുന്നു.

Related Articles

Back to top button