ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിച്ചു… അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു… പ്രതി…

ചാരുംമൂട്: കുടുംബവഴക്കിനെത്തുടർന്ന് നൂറനാടിൽ അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരിയാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയ മകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫിനെ (30) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം.
മൂന്നുവർഷം മുൻപായിരുന്നു അർച്ചനയും ജോജിയും തമ്മിലുള്ള പ്രണയവിവാഹം. ഇവർക്കൊരു കുഞ്ഞുണ്ട്. ജോജിയുടെ ഉപദ്രവത്തെത്തുടർന്ന് രണ്ട് മാസം മുൻപ് അർച്ചന സ്വന്തം വീട്ടിലേക്ക് വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പായെങ്കിലും ഉപദ്രവം തുടർന്നതോടെ കഴിഞ്ഞ 19-ാം തീയതി അർച്ചന കുഞ്ഞുമായി വീണ്ടും സ്വന്തം വീട്ടിലേക്ക് പോവുകയും നൂറനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. അർച്ചനയെയും കുഞ്ഞിനെയും തന്നോടൊപ്പം വിടാത്തതും കാണാൻ അനുവദിക്കാത്തതും ജയകുമാരിയുടെ പ്രേരണമൂലാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ പൊലീസിൽ നൽകിയ പരാതികളിൽ വേണ്ട രീതിയിൽ ഇടപെടലോ പരിഹാരമോ ഉണ്ടാകാത്തതാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച പുലർച്ചെ നാലുമണിക്ക് ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരനായ ജയകുമാർ ജോലിക്ക് പോയശേഷമാണ് ജോജി എത്തിയത്.
അടുക്കളവാതിലിൽ തട്ടിവിളിച്ച പ്രതി, ജയകുമാരി വാതിൽ തുറക്കും മുൻപേ തള്ളിത്തുറന്ന് അകത്തുകയറി ബഹളമുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരിയെയും കൂട്ടി മകൾ അർച്ചന അയൽവാസികളുടെ സഹായം തേടി ഓടുന്നതിനിടെ ജയകുമാരി ബോധരഹിതയായി വീണു. ഉടൻതന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം ഒളിവില്പോയ പ്രതിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേർത്തല എസ്.എൻ. കോളജിന് സമീപത്തുനിന്നാണ് നൂറനാട് പൊലീസ് പിടികൂടിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വൈകിട്ട് 5.30ഓടെ സി.ഐ. പി. ശ്രീജിത്ത്, എസ്.എച്ച്.ഒ. രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും, അടുത്തുള്ള പുരയിടത്തിൽ ഉപേക്ഷിച്ച കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തുകയും ചെയ്തു. കൊല്ലപ്പെട്ട ജയകുമാരിയുടെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.




