ഗൾഫ് സംഘർഷം… കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ മലയാളികൾക്കായി കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. സൗദി അറേബ്യയിലുള്ള മലയാളികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം ആരംഭിച്ചത്. പ്രവാസികൾക്ക് സഹായത്തിനായി 011-23747079 എന്ന നമ്പറിലും 9310443880 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാം. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെന്റ് ഓഫീസർ ജെ. ഷാജിമോനെ ചുമതലപ്പെടുത്തി. വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്സ്വാറിനെയും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ നിയോഗിച്ചു. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, മറ്റ് ഇന്ത്യൻ എംബസികൾ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും കൺട്രോൾ റൂമിന്റെ പ്രവർത്തനം. ഗൾഫ് മേഖലയിലെ മലയാളികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.



