14കാരിക്ക് എംഡിഎംഎ നൽകി പീഡിപ്പിച്ചു… പിന്നാലെ കുഴൽപ്പണക്കടത്തിനും… സഹോദരങ്ങളടക്കം മൂന്ന് പേർ….

തൃശ്ശൂർ: പതിനാലുകാരിക്ക് എംഡിഎംഎ നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും കുഴൽപ്പണം കടത്തുന്നതിനും തട്ടിയെടുക്കുന്നതിനും പെൺകുട്ടിയെ ഉപയോഗിച്ചെന്നും പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. സഹോദരങ്ങളായ അമൽ കൃഷ്ണ (20), അതുൽ കൃഷ്ണ (25), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അമൽ കൃഷ്ണയെയും പ്രായപൂർത്തിയാകാത്തയാളെയും പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുഴൽപ്പണം തട്ടിയെടുക്കാൻ പെൺകുട്ടിയെ ഉപയോഗിച്ചെന്ന കേസിലാണ് അതുൽ കൃഷ്ണ അറസ്റ്റിലായത്.
2023 മുതൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പ്രണയം നടിച്ച് മയക്കുമരുന്നിന് അടിമയാക്കിയ ശേഷം വിവിധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത പ്രതിയാണ് പെൺകുട്ടിയെ അമൽ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നും വള, കമ്മൽ, മൂക്കുത്തി എന്നിവയും അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണവും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അമൽ കൃഷ്ണയെയും പ്രായപൂർത്തിയാകാത്ത പ്രതിയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അമൽ കൃഷ്ണയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.



